ന്യൂഡെൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ ശുഭാംശു ശുക്ള ഇന്ന് ഇന്ത്യയിലെത്തും. യുഎസിൽ നിന്ന് യാത്ര തിരിച്ച ശുഭാംശു ഇന്ന് ഡെൽഹിയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ശുഭാംശു ശുക്ളയുടെ നേട്ടവുമായി ബന്ധപ്പെട്ട് നാളെ ലോക്സഭയിൽ പ്രത്യേക ചർച്ചയും നടക്കും. ഏകദേശം പത്തുവർഷത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 23ന് ഡെൽഹിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു പങ്കെടുക്കും. സ്വദേശമായ ലഖ്നൗവിൽ അദ്ദേഹം പഠിച്ച സിറ്റി മോണ്ടിസോറി സ്കൂളിൽ 25ന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ബഹിരാകാശത്ത് ശുഭാംശു ശുക്ള ഏഴ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു ആക്സിയോം-4ന്റെ വിക്ഷേപണം. 26നാണ് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. 433 മണിക്കൂറാണ് ഇവർ നിലയത്തിൽ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകൾ സഞ്ചരിച്ചു.
18 ദിവസത്തിന് ശേഷം, ജൂലൈ 15ന് ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി. ശുഭാംശു ശുക്ളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ ധൈര്യത്തിലൂടെയും ആത്മാർപ്പണത്തിലൂടെയും കോടിക്കണക്കിന് പേരുടെ സ്വപ്നങ്ങളെ സ്വാധീനിച്ച വ്യക്തിയാണ് ശുഭാംശു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്ജ് റെഡി








































