ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് ഇനി സ്‌ഥാനം നഷ്‌ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്ര സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് ഇത് ബാധകമാണ്. അഞ്ചുവർഷമെങ്കിലും തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്‌റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പോലീസ് കസ്‌റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കം ചെയ്യാൻ പ്രധാനമന്ത്രി രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണം.
പ്രധാനമന്ത്രി അഥവാ ശുപാർശ ചെയ്‌തില്ലെങ്കിലും 31ആം ദിവസം കേന്ദ്രമന്ത്രിയുടെ സ്‌ഥാനം തനിയെ നഷ്‌ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്‌റ്റിലാകുന്നതെങ്കിൽ രാജിവയ്‌ക്കണം. രാജിവെച്ചില്ലെങ്കിൽ 31ആം ദിവസം സ്‌ഥാനം തനിയെ നഷ്‌ടപ്പെടും. സംസ്‌ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്‌റ്റിലായാൽ സ്‌ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്യണം. കേന്ദ്ര ഭരണ പ്രദേശമെങ്കിൽ രാഷ്‌ട്രപതിക്കാണ് ശുപാർശ നൽകേണ്ടത്.
മുഖ്യമന്ത്രിയാണ് അറസ്‌റ്റിലാകുന്നതെങ്കിൽ സ്വയം രാജിവെക്കണം. ഇല്ലെങ്കിൽ 31ആം ദിവസം പദവി തനിയെ നഷ്‌ടമാകും. കസ്‌റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനർനിർമിക്കാനും കഴിയും. ജമ്മു കശ്‌മീർ പുനഃസംഘടനാ ബില്ലും ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്നുണ്ട്. ഒട്ടേറെ വിവാദ വ്യവസ്‌ഥകളുള്ള ബിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക.
രാജ്യത്തെ ഓൺലൈൻ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ബില്ലും ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് ബിൽ അവതരിപ്പിക്കുക. കഴിഞ്ഞദിവസമാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. അതിനിടെ, വോട്ടർപട്ടിക പരിഷ്‌കരണ വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ