‘ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം’, വിവാദ ബിൽ സംയുക്‌ത സമിതിക്ക് വിട്ടു

ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടുന്ന ബില്ലിനെതിരെയാണ് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബിൽ കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം.

By Senior Reporter, Malabar News
Parliament Monsoon Session
Ajwa Travels

ന്യൂഡെൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടുന്ന വിവാദ ബിൽ ലോക്‌സഭയിലെ പ്രതിപക്ഷ ബഹളത്തിനൊടുവിൽ പാർലമെന്റിന്റെ സംയുക്‌ത സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇന്ന് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

ബില്ലിനെതിരെ പ്രതിപക്ഷം ശക്‌തമായ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ നിർത്തിവെച്ച സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടർന്നതോടെ വൈകീട്ട് അഞ്ചുമണിവരെ നിർത്തി വെക്കുകയായിരുന്നു. ബിൽ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി.

ഇതിനിടെ ബിൽ പാർലമെന്റ് സംയുക്‌ത സമിതിയുടെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു. വിവാദ ബില്ലിനെതിരെ പ്രതിപക്ഷം ചോദ്യങ്ങൾ കൊണ്ട് മൂടി. അമിത് ഷാ അറസ്‌റ്റിലായിട്ടുണ്ടെന്നും രാജിവയ്‌ക്കുമോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. കേസെടുത്തപ്പോൾ രാജിവെച്ചെന്നായിരുന്നു അമിത് ഷായുടെ മറുപടി. തന്നെ കുറ്റവിമുക്‌തനാക്കും വരെ ഒരു പദവിയും ഏറ്റെടുത്തില്ലെന്നും അമിത് ഷാ മറുപടി നൽകി.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. നാളെ, നിങ്ങൾക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലിലിടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കാം. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും നിർഭാഗ്യകരവുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയെ ആര് അറസ്‌റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീൻ ഉവൈസിയുടെ ചോദ്യം. രാജ്യത്ത് പോലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഉവൈസി പറഞ്ഞു.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് ബിൽ ബാധകമാണ്. അഞ്ചുവർഷമെങ്കിലും തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്‌റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പോലീസ് കസ്‌റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കം ചെയ്യാൻ പ്രധാനമന്ത്രി രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് വ്യവസ്‌ഥ.

ഇനി പ്രധാനമന്ത്രിയാണ് അറസ്‌റ്റിലാകുന്നതെങ്കിൽ രാജിവയ്‌ക്കണം. രാജിവെച്ചില്ലെങ്കിൽ 31ആം ദിവസം സ്‌ഥാനം തനിയെ നഷ്‌ടപ്പെടും. സംസ്‌ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്‌റ്റിലായാൽ സ്‌ഥാനത്ത്‌ നിന്ന് നീക്കാൻ മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്യണം. കേന്ദ്ര ഭരണ പ്രദേശമെങ്കിൽ രാഷ്‌ട്രപതിക്കാണ് ശുപാർശ നൽകേണ്ടത്.

മുഖ്യമന്ത്രിയാണ് അറസ്‌റ്റിലാകുന്നതെങ്കിൽ സ്വയം രാജിവെക്കണം. ഇല്ലെങ്കിൽ 31ആം ദിവസം പദവി തനിയെ നഷ്‌ടമാകും. കസ്‌റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനർനിർമിക്കാനും കഴിയും.

Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE