പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 200ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
രാഹുൽ മോശമായി പെരുമാറിയെന്ന് സ്‌ത്രീകൾ പരാതികൾ ഉന്നയിച്ച സാഹചര്യത്തിൽ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഓഫീസിലേക്കുള്ള വഴിയിൽ വെച്ച് ആദ്യം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ, ഇത് വകവയ്‌ക്കാതെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് എംഎൽഎയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ആരോപണങ്ങളിൽ അടിപതറി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരുന്നു. റൂഹുലിനെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞ് ഒരുമണിക്കൂറിനകമായിരുന്നു രാജി പ്രഖ്യാപനം.
ബുധനാഴ്‌ച വൈകീട്ട് യുവനടി റിനി ആൺ ജോർജ്, രാഹുലിന്റെ പേരുപറയാതെ ഉയർത്തിയ സൂചനകൾക്ക് വ്യാഴാഴ്‌ച രാവിലെയോടെ തെളിച്ചം വന്നു. എഴുത്തുകാരി ഹണി ഭാസ്‌കർ, രാഹുലിന്റെ പേര് പരാമർശിച്ച് ദുരനുഭവം വെളിപ്പെടുത്തിയതോടെ കോൺഗ്രസ് സമ്മർദ്ദത്തിലായി. മറ്റൊരു സ്‌ത്രീയോട് ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്‌ദശകലത്തിലെ വ്യക്‌തി രാഹുലാണെന്ന തരത്തിലുള്ള വാർത്തയും പ്രചരിച്ചു.
പിന്നാലെ കൂടുതൽ ആരോപണങ്ങളും ചാറ്റുകളും സ്‌ക്രീൻ ഷോട്ടുകളും പ്രചരിച്ചതോടെ ഇന്നലെ അടൂരിലെ വീട്ടിൽ വെച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ താൻ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം രാജിവെച്ചതായി രാഹുൽ അറിയിക്കുകയായിരുന്നു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്റെ വാദങ്ങൾ നിരത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപനം.
Most Read| ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ







































