മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര വിപണിയിലെത്തി. ഗുജറാത്തിലെ ഹാൻസൽപൂരിലെ പ്ളാന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ വിറ്റാര ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൂടാതെ, ലിഥിയം- അയൺ നിർമാണ പ്ളാന്റും പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു.
ഈവർഷം ആദ്യം ഡെൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ളോബൽ എക്‌സ്‌പോയിലാണ് വാഹനത്തെ ആദ്യമായി അവതരിപ്പിച്ചത്. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന മാരുതി സുസുക്കിയുടെ ഇ വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. എന്തായാലും ഈവർഷം തന്നെ ഇ വിറ്റാര ഇന്ത്യയിൽ പുറത്തിറക്കാനാണ് സാധ്യത.
ഇതോടൊപ്പം, ഗുജറാത്തിലെ ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ളാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്‌ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനവും പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തതോടെ സുസുക്കിയുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഉറപ്പായി. ഇലക്‌ട്രിക് വാഹനങ്ങൾക്കായി മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത ഹാർട്ടെക്‌റ്റ്- ഇ എന്ന പ്ളാറ്റ്‌ഫോമിനെ അടിസ്‌ഥാനമാക്കിയാണ് വാഹനം ഒരുക്കുന്നത്.
ഇന്ത്യൻ വാഹന വിപണിയിൽ ഒരു വൻ കോളിളക്കം ഇ വിറ്റാര സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇമോഷണൽ വേർസറ്റൈൽ ക്രൂസർ എന്ന കൺസെപ്‌റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളാണ് ബോൾഡ് ആൻഡ് മസ്‌കുലാർ ലുക്കിലുള്ള വാഹനത്തിലുള്ളത്.
49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകളുളള ഇ വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്. ടോയോട്ടയുമായി സഹകരിച്ചാണ് ഇത് ഹാർട്ട് ടെസ്‌റ്റ്-ഇ പ്ളാറ്റ്‌ഫോമിൽ വികസിപ്പിച്ചിരിക്കുന്നത്. മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷൻ മോഡലായ സുസുക്കി ഇ വിറ്റാരയുടെ ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ചിരുന്നു. നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്.
4,275 എംഎം നീളവും 1,800 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വിറ്റാരയുടെ വീൽ ബേസ് 2,700 എംഎം ആണ്. 180 എംഎം ഗ്രൗണ്ട് ക്ളിയറൻസാണുള്ളത്. ടാറ്റ കർവ് ഇവി, എംജിZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും ഇ വിറ്റാര മൽസരിക്കുക.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ