തിരുവനന്തപുരം: ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് നടപടി കടുപ്പിച്ചു. കേസിൽ രാഹുലിന്റെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്‌ച ഹാജരാകാൻ രാഹുലിന് നോട്ടീസ് അയച്ചു.
പ്രതികളുടെ ശബ്‌ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളത്. അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടാകാൻ രാഹുലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസ് രാഹുലിനെ ചോദ്യം ചെയ്‌തിരുന്നു. സിആർ കാർഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസിൽ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്‌ഥാനാർഥിയെ വിജയിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നായിരുന്നു മ്യൂസിയം പോലീസെടുത്ത കേസ്.
സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേസിൽ ആദ്യം അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്നു. പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.
പോലീസിന്റെ ആദ്യ ചോദ്യം ചെയ്യലിൽ രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖ ഉണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തിൽ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയൽ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുൽ വിശദീകരിച്ചത്.
Most Read| ‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി