കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.
കേസിൽ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. 2005 സെപ്‌തംബർ 27നായിരുന്നു സംഭവം. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് കേസിലെ പ്രതികൾ. നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) ആണ് തുടയിലെ രക്‌തധമനികൾ പൊട്ടി മരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ഉദയകുമാറിനെ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കി കൊന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസ് പോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്‌റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നു.
ആദ്യം ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചത്. എന്നാൽ, കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്‌റ്റിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ഫോർട്ട് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന കെ. ജിതകുമാർ, എസ്‌വി ശ്രീകുമാർ, പിന്നീട് ഡിവൈഎസ്‌പിയായിരുന്ന അജിത് കുമാർ, മുൻ എസ്‌പിമാരായ ഇകെ സാബു, ടികെ ഹരിദാസ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
ഇതിൽ ഒന്നാംപ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു. ഇതിൽ ശ്രീകുമാർ 2020ൽ മരണമടഞ്ഞു. അഞ്ചുമുതൽ ഏഴുവരെ പ്രതികളായ അജിത് കുമാർ, ഇകെ സാബു, ടികെ ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. മൂന്നുവർഷം തടവായിരുന്നു ഇവർക്ക് ശിക്ഷ.
കൊല നടക്കുമ്പോൾ അജിത് കുമാർ ഫോർട്ട് സ്‌റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസി. കമ്മീഷണറും. മൂന്നാംപ്രതി എഎസ്ഐ കെവി സോമനെയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാലാംപ്രതി വിപി മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്‌തനാക്കിയിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!






































