കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്ടർ ഡിആർ. മേഘശ്രീ അറിയിച്ചു. ഇന്ന് നടക്കുന്ന വിദഗ്ധ സമിതിയുടെ പരിശോധനകൾക്ക് ശേഷമേ നിരോധനത്തിൽ അയവ് വരുത്തൂവെന്നും കലക്ടർ അറിയിച്ചു. ഇന്നലെ രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്.
മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും പൂർണമായി മാറ്റിയശേഷം രാത്രി 8.45ഓടെ ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. ആദ്യം ലക്കിടി ഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങൾ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങൾ മുകളിലേക്കും കയറ്റിവിട്ടതിന് ശേഷമാണ് ഗതാഗത നിയന്ത്രണം വീണ്ടും നടപ്പാക്കിയത്.
ഇന്നലെ വൈകീട്ടും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. പ്രദേശത്ത് ജിയോളജി- മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പതിച്ചത്.
ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. 20 മണിക്കൂറിലധികം നീണ്ട കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. വലിയ പാറക്കല്ലുകൾ സ്റ്റോൺ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചുരത്തിലെ വ്യൂപോയിന്റിന് സമീപമാണ് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്. വ്യൂ പോയിന്റിൽ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റൻ പാറകളും മണ്ണും മരങ്ങളുമെല്ലാം ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
വലിയതോതിൽ മണ്ണും പാറകളും വന്നടിഞ്ഞതോടെ ചുരത്തിൽ ഇരുദിശകളിലേക്കും കാൽനട യാത്രപോലും സാധ്യമാകാത്ത തരത്തിൽ ഗതാഗതം പൂർണമായി നിലച്ചു. പിന്നാലെ, ചുരം അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ ചുരത്തിലൂടെ കടത്തിവിടുന്നുള്ളൂ. അല്ലാത്തവ കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി







































