തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടികൾ കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. അടൂരിൽ രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ചിന്റെ പരിശോധന നടക്കുകയാണ്.
ലൈംഗിക ആരോപണ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ കേസിൽ ക്രൈം ബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തൽ നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത റെയ്‌ഡ്. രാഹുൽ അടൂരിലെ സ്വന്തം വീട്ടിൽ തുടരുകയാണ്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ശനിയാഴ്‌ച ഹാജരാകാൻ രാഹുലിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്‌ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. മൂന്നാംപ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്‌ദ രേഖയിലാണ് രാഹുലിന്റെ പേര് പരാമർശിക്കുന്നത്.
കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളത്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടാകാൻ രാഹുലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസ് രാഹുലിനെ ചോദ്യം ചെയ്‌തിരുന്നു.
സിആർ കാർഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസിൽ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്‌ഥാനാർഥിയെ വിജയിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നായിരുന്നു മ്യൂസിയം പോലീസെടുത്ത കേസ്. സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോലീസിന്റെ ആദ്യ ചോദ്യം ചെയ്യലിൽ രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖ ഉണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തിൽ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയൽ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുൽ വിശദീകരിച്ചത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ