തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.
എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികൾ ദേശഭക്‌തിഗാനം ആലപിക്കാറുണ്ട്. അതുപോലെ അന്നേ ദിവസം അബദ്ധത്തിൽ ഗണഗീതം പാടിയതാണെന്നാണ് സ്‌കൂളിന്റെ വിശദീകരണം.
സാധാരണയായി ആർഎസ്എസിന്റെ ശാഖകളിൽ പാടാറുള്ളതാണ് ഈ ഗാനം. വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തിയിരുന്നത്. അത്തരത്തിൽ ഒരു ഗ്രൂപ്പിലെ കുട്ടികളാണ് ഗണഗീതം ആലപിച്ചത്. കുട്ടികൾക്ക് എവിടെ നിന്നാണ് ഈ പാട്ട് ലഭിച്ചതെന്നോ, എങ്ങനെയാണ് ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ അറിയില്ല. മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
കുട്ടികൾ ഗണഗീതം പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവയ്‌ക്കുകയായിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ







































