തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്.
17 ദിവസങ്ങൾക്ക് ശേഷം ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറ്റു വിദ്യാർഥികൾ എടുത്ത വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എസ്‌ഡിപിഐ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രധാനാധ്യാപികയെ ഉപരോധിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് നടപടിയെടുക്കാമെന്ന് പ്രധാനാധ്യാപിക എം. ബിന്ദു ഉറപ്പ് നൽകിയതോടെയാണ് സംഘടനകൾ പിരിഞ്ഞു പോയത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം സ്‌കൂളിൽ പിടിഎ യോഗം ചേർന്നിരുന്നു. കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.
കുട്ടികൾ യുട്യൂബ് നോക്കി പഠിച്ചതാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പ് പുറത്തിറക്കി. സംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും പ്രധാനാധ്യാപിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി