കണ്ണൂർ: ലഹരിമരുന്ന് കേസിൽ കണ്ണൂരിലെ ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി സി. നിഖിലയെ (30) അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അറസ്‌റ്റ്.
പിറ്റ് എൻഡിപിഎസ് നിയമപ്രകാരമാണ് നിഖിലയെ അറസ്‌റ്റ് ചെയ്‌തത്. ഈ നിയമപ്രകാരം സ്‌ഥിരമായി ലഹരിമരുന്ന് കടത്തുന്നവരെ ആറുമാസം തടങ്കലിൽ വയ്‌ക്കാം. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു യുവതിക്ക് കരുതൽ തടങ്കൽ ലഭിക്കുന്നത്.
ഈവർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മേത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. 2023ൽ രണ്ടുകിലോ കഞ്ചാവുമായും നിഖിലയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇരുചക്ര വാഹനത്തിൽ ആവശ്യക്കാർക്ക് അരികിലെത്തി മയക്കുമരുന്ന് കൈമാറുകയാണ് നിഖില ചെയ്യുന്നത്. ബുള്ളറ്റിൽ പല സംസ്‌ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില, ബുള്ളറ്റ് ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്.
ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ലഹരിമരുന്ന് വിൽപ്പനയിലേക്ക് നിഖില തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കേരള പോലീസിന്റെയും ബെംഗളൂരു പോലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ്. സതീഷും സംഘവുമാണ് ഒളിവിൽ കഴിയുകയായിരുന്ന നിഖിലയെ അറസ്‌റ്റ് ചെയ്‌തത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി