ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ ആക്രമണം. കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായും പുക ഉയരുകയും ചെയ്തെന്ന് പ്രദേശവാസികൾ പറയുന്നു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ഉന്നം വെച്ചാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചർച്ചകൾ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തർ. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കൾ ഖത്തർ തലസ്ഥാനം ഉപയോഗിച്ചുവരുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് നേതാവ് ഖലീൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ, ഹയ്യ ഉൾപ്പടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് അറിയിച്ചു.
”ദോഹയിലാണ് ഹമാസിന്റെ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങൾ ഒരു ഓപ്പറേഷൻ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനുണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ഞങ്ങൾ ലക്ഷ്യമിട്ടത്”- ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതേസമയം, ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഖത്തർ ആരോപിച്ചു. ഹമാസിന്റെ ഉന്നത നേതൃത്വം താമസിച്ചിരുന്ന കെട്ടിടങ്ങളോട് ചേർന്നാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണം യുഎസിനെ നേരത്തെ അറിയിച്ചിരുന്നു എന്നാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇസ്രയേൽ-ഹമാസ് മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു. അടിയന്തിരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്രിമിനൽ കടന്നാക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം







































