പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി 29കാരി മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഭർത്താവ് മർദ്ദിച്ചു എന്ന് പരാതിപ്പെട്ട് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും, രാത്രി 11 മണിയോടെ ഭർത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ ഹേമാംബിക നഗർ പോലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചത്. മീരയുടെ രണ്ടാം വിവാഹമായിരുന്നു പുതുപ്പരിയാരം സ്വദേശി അനൂപുമായി നടന്നത്. ഒരുവർഷം മുമ്പായിരുന്നു ഇത്. അനൂപ് നിരന്തരം മർദ്ദിക്കാറുണ്ടെന്ന് മീര പരാതി പറഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്‌റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമേ മരണകാരണം വ്യക്‌തമാകൂ എന്ന് പോലീസ് പറഞ്ഞു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം



































