കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വടകര മണിയൂർ പാലയാട് കെപിപി ബാബുവിന്റെ മകൻ കെകെ അശ്വിൻ ബാബു (27), മടപ്പള്ളി സ്കൂളിന് സമീപം ദേരങ്ങോത്ത് രാജേന്ദ്രന്റെ മകൻ എസ്ആർ അക്ഷയ് (25) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. തലപ്പാടി- ചെർക്കള ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിയുടെ തൊഴിലാളികളായിരുന്നു ഇവർ. ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.
ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി തെരുവുവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഒരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തുമ്പോഴേക്കും മറ്റെയാൾ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കൽ ടെക്നീഷ്യൻമാരാണ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ




































