കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത സിം കാർഡുകളും എടിഎം കാർഡുകളും ഉപയോഗിച്ച്. ഇയാൾക്ക് സ്വന്തമായി മൊബൈൽ നമ്പറില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ആബിദിനെ അറസ്റ്റ് ചെയ്തത്. ജൂൺ 25ന് ആണ് തട്ടിപ്പ് സംബന്ധിച്ച് ഡോക്ടർ പരാതി നൽകിയത്. പെരുമ്പാവൂർ സ്വദേശി റിജാസ്, ചെന്നൈ മാങ്ങാട് സ്വദേശി മഹബൂബാഷ എന്നിവരെ ഓഗസ്റ്റ് പത്തിന് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ സ്വദേശിയായ സെന്തിൽകുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ഇടപാടുകൾ വഴിയും കൈകാര്യം ചെയ്തിരുന്നത് ഇവരായിരുന്നു.
ഡോക്ടറുടെ പണം കൈമാറിയ 18 അക്കൗണ്ടുകളിൽ ഒന്നായിരുന്നു സെന്തിൽകുമാറിന്റേത്. സെന്തിലിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ് എന്നിവയെല്ലാം മഹബൂബാഷ, റിജാസ് എന്നിവർ വഴി സൈനുൽ ആബിദ് കൈവശപ്പെടുത്തി. ഇതുപോലെയുള്ള ഒട്ടേറെ അക്കൗണ്ട് നമ്പറുകൾ പ്രതി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നു.
ഡോക്ടറെ കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ളാൻ സ്കീമിൽ വൻ ലാഭം കൂട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിച്ചത്. ആദ്യം ചെറിയ സംഖ്യയാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ ലാഭം ഓൺലൈനിലൂടെ പെരുപ്പിച്ചു കാട്ടി കൂടുതൽ തുക നിക്ഷേപിച്ചു. പലതവണയായി 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടർ പണം കൈമാറിയത്. ഉടൻ തന്നെ ഈ പണമെല്ലാം തട്ടിപ്പ് സംഘം മറ്റ് അകൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം








































