തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി.
എന്നാൽ, ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പോലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേർന്നത്.
ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പോലീസ് പറയുന്നു. ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി ടിഎൻ പ്രതാപൻ പരാതി നൽകിയത്.
തൃശൂരിൽ കള്ളവോട്ട് ചേർത്തു എന്നതിനൊപ്പം സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനാണെന്നും, തൃശൂരിൽ വോട്ട് ചെയ്യാൻ സ്ഥിര താമസക്കാരനാണെന്ന് തെറ്റായ സത്യവാങ്മൂലം നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Most Read| ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്