കണ്ണൂർ: പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പരിക്കേറ്റ കെഎസ്‌യു നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ടും രണ്ടാംവർഷ മലയാളം ബിരുദ വിദ്യാർഥിയുമായ ചാൾസ് സണ്ണിയുടെ പരാതിയിലാണ് കേസ്.
എസ്എഫ്ഐ നേതാക്കളായ ഹഫാം ഫൈസൽ, ആകാശ് പലിയേരി, സൂരജ്, നീരജ്, അഭിരാം കോറോം, ആഷിഖ്, അശ്വിൻ എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഘർഷമുണ്ടായത്. കോളേജ് കാന്റീന് സമീപത്തെ റോഡിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിച്ചും ചവിട്ടിയും കമ്പിവടി കൊണ്ടും മരക്കട്ടകൊണ്ടും മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചാൾസിന് ആന്തരിക രക്‌തസ്രാവമുണ്ടായി. വിദഗ്‌ധ ചികിൽസയ്‌ക്കായി തലശ്ശേരിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞമാസം മാതമംഗലത്തും കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അന്ന് പരിക്കേറ്റ ചാൾസ് സണ്ണി ആഴ്‌ചകളോളം ആയുർവേദ ചികിൽസയിലായിരുന്നു.
ചികിൽസ കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ രണ്ടാംവർഷ ചരിത്ര വിദ്യാർഥിയും എസ്എഫ്ഐ പയ്യന്നൂർ യൂണിറ്റ് പ്രസിഡണ്ടുമായ എം. ഹഫാം ഫൈസൽ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചിരുന്നു. തിങ്കളാഴ്‌ച മുതൽ കോളേജിൽ കെഎസ്‌യു അനിശ്‌ചിതകാല പഠിപ്പുമുടക്കും പ്രഖ്യാപിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ