ന്യൂഡെൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്ടി പരിഷ്കരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി, ജിഎസ്ടി സേവിങ്സ് ഉൽസവത്തിന് തുടക്കമായെന്നും പറഞ്ഞു. ഇന്ത്യ ഒരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും.
മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ജിഎസ്ടി പരിഷ്കരണം. നാഗരിക് ദേവോ ഭവയാണ് (ജനങ്ങളാണ് ദൈവം) സർക്കാരിന്റെ നയം. രാജ്യത്തിന് ആവശ്യമായത് രാജ്യത്തിന് തന്നെ നിർമിക്കാൻ സാധിക്കണം.
പലതരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 90 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും.
എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനം എടുത്തത്. നാളെ മുതൽ 5%, 18% സ്ളാബുകൾ മാത്രമാണ് ഉണ്ടാവുക. സ്വദേശി മന്ത്രം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ശക്തി നൽകി. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും. ഐടി ഇളവ് പരിധി ഉയർത്തൽ, ജിഎസ്ടി പരിഷ്കാരങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്തത വരുത്തി യുഎസ്








































