കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്‌ടറുടെ റിപ്പോർട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ് വീണ്ടും ഈമാസം 30ന് പരിഗണിക്കും.
അന്ന് ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി എന്ത് നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് ആറുമുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ഈ കേസ് പരിഗണിക്കവെ മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയെ കുറിച്ച് കോടതി ആരാഞ്ഞു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവെച്ചിരുന്നത്. ഈ ഭാഗങ്ങളിൽ ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ടെന്ന് എൻഎച്ച്എഐ വ്യക്‌തമാക്കി.
എന്നാൽ, മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാമെന്ന് കലക്‌ടർ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള പ്രശ്‌നമാണെന്നും കലക്‌ടർ പറഞ്ഞു. ടോൾ നിരോധനം നടപ്പാക്കിയതിന് ശേഷം കേന്ദ്ര സർക്കാറിന്റെ അഭിഭാഷകർ അടക്കമുള്ളവർ നിരന്തരം ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ടെങ്കിലും നിരോധനം മാറ്റാൻ കോടതി തയ്യാറായിട്ടില്ല.
Most Read| 83ആം വയസിൽ നാലാം ക്ളാസ് വിജയിച്ചു; കല്യാണി വീണ്ടും അക്ഷര മുറ്റത്തേക്ക്