വാഷിങ്ടൻ: സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാക്കിസ്‌ഥാനെന്ന് ഇന്ത്യ. പാക്കിസ്‌ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്‌തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്‌തമാക്കി. യുഎൻ രക്ഷാസമിതിയിൽ ആയിരുന്നു പാക്കിസ്‌ഥാനെതിരെ ഇന്ത്യയുടെ വിമർശനം.
വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലെ ചർച്ചയിൽ സംസാരിക്കുമ്പോഴാണ്, യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പാക്കിസ്‌ഥാനെതിരെ രൂക്ഷമായി വിമർശിച്ചത്. കശ്‌മീരി വനിതകൾ ‘ലൈംഗികാതിക്രമങ്ങൾ സഹിച്ചിട്ടുണ്ട്’ എന്ന് പാക്കിസ്‌ഥാൻ ഉദ്യോഗസ്‌ഥൻ ആരോപിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്‌മീരിനെതിരെ എല്ലാ വർഷവും പാക്കിസ്‌ഥാൻ അധിക്ഷേപം നടത്തുകയാണെന്ന് ഹരീഷ് പറഞ്ഞു. സ്‌ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജൻഡ എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനം കളങ്കരഹിതമാണ്. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ലോകത്തെ വഴിതിരിച്ചു വിടാൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; വോട്ടെണ്ണൽ നവംബർ 14ന്