തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്. ഈമാസം രോഗം ബാധിച്ച് മരിക്കുന്ന നാലാമത്തെ ആളാണിത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ കശുവണ്ടി തൊഴിലാളിയായ സ്ത്രീ മരിച്ചിരുന്നു. നിലവിൽ രോഗം ബാധിച്ച് പത്തിലേറെ ആളുകൾ ചികിൽസയിലുണ്ട്. ഒന്നരമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
അതേസമയം, രോഗബാധ വർധിക്കുമ്പോഴും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ കഴിയാത്തത് വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിലും വീട്ടുവളപ്പിലെ കിണറുകളിൽ നിന്നുമടക്കം രോഗം പകരുന്നുണ്ട്. വെള്ളത്തിൽ ജീവിക്കുന്ന നെയ്ഗ്ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം.
ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്. ശുദ്ധജലത്തിലും ഇവയുടെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിലും കാണാം.
Most Read| ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; ഇസ്രയേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്