ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥനെ നിയോഗിച്ചതായി കേന്ദം സുപ്രീം കോടതിയിൽ. കെഎ പോൾ ആന്നോ മധ്യസ്‌ഥനെന്ന് കോടതി ചോദിച്ചപ്പോൾ, അല്ലെന്നും പുതിയ ആളാണെന്നും കേന്ദ്രം മറുപടി നൽകി.
നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവെച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും.
നിമിഷപ്രിയയുടെ മോചനത്തിനായി കെഎ പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും, പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന വധശിക്ഷ ചർച്ചകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും കുടുംബം തയ്യാറായിരുന്നില്ല.
തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. 2020ലാണ് യെമൻ കോടതി വധശിക്ഷയ്‌ക്ക് ഉത്തരവിട്ടത്. 2024 ഡിസംബറിൽ യെമൻ പ്രസിഡണ്ട് റഷാദ് അൽ അലിമി വധശിക്ഷയ്‌ക്ക് അംഗീകാരം നൽകി.
മാസങ്ങളായി നിമിഷയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരുകയാണ്. തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ കുടുംബം തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് മതപണ്ഡിതൻമാർ ഉൾപ്പെട്ട ചർച്ചയിലാണ് വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചതെന്നാണ് വിവരം.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം