കാബൂൾ: പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാനിലെ പക്‌തിക പ്രവിശ്യയിലാണ് പാക്കിസ്‌ഥാൻ ശക്‌തമായ വ്യോമാക്രമണം നടത്തിയത്. കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ നഷ്‌ടമായത്. അഫ്‌ഗാനിസ്‌ഥാൻ ക്രിക്കറ്റ് ബോർഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്.
പാക്കിസ്‌ഥാനും ശ്രീലങ്കയ്‌ക്കുമെതിരെ അടുത്ത മാസം അഞ്ചുമുതൽ 29 വരെ നടക്കാനിരുന്ന ത്രിരാഷ്‍ട്ര പരമ്പരയ്‌ക്കായി പാക്ക് അതിർത്തിയിലെ കിഴക്കൻ പക്‌തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമാക്രമണം ഉണ്ടായത്. ഇതോടെ ത്രിരാഷ്‍ട്ര പരമ്പരയിൽ നിന്ന് അഫ്‌ഗാൻ പിൻമാറി.
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തിൽ അഗാധവുമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി പ്രതികരിച്ചു. പാക്ക് ഭരണകൂടത്തിനെതിരെ ശക്‌തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് എസിബി എക്‌സിൽ കുറിച്ചു.
അഫ്‌ഗാനിലെ പക്‌തിക പ്രവിശ്യയിൽ വെള്ളിയാഴ്‌ച പാക്കിസ്‌ഥാൻ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്. പാകിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് അഫ്‌ഗാൻ ആരോപിച്ചു. അഫ്‌ഗാനിലെ ഉർഗുൺ, ബർമൻ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് പാക്കിസ്‌ഥാൻ വ്യോമാക്രമണങ്ങൾ നടത്തിയത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്ന 48 മണിക്കൂർ വെടിനിർത്തൽ കരാറിനിടയിലാണ് അക്രമണങ്ങളുണ്ടായത്. സംഘർഷങ്ങൾ ലഘൂകരിക്കാനും അതിർത്തി കടന്നുള്ള അക്രമം തടയാനും ലക്ഷ്യമിട്ട് ദോഹയിൽ നടക്കുന്ന ചർച്ചകൾ അവസാനിക്കുന്നതുവരെ വെടിനിർത്തൽ നീട്ടണമെന്ന് പാക്കിസ്‌ഥാൻ ആവശ്യപ്പെട്ടിരുന്നു.
അതിർത്തിയിൽ പാക്ക് സൈനിക പോസ്‌റ്റുകൾക്ക് നേരെ അഫ്‌ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്‌ഥാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!





































