തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
കേസിൽ മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ സംഭവ സ്‌ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്.
വെള്ളിയാഴ്‌ച പുലർച്ചെ ഹോസ്‌റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. വാതിൽ തള്ളിത്തുറന്നെത്തിയ ആളാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന യുവതി സംഭവം തിരിച്ചറിഞ്ഞ് ബഹളം വെച്ചതോടെ ഇയാൾ ഓടിപ്പോവുകയായിരുന്നു. അതേസമയം, ഹോസ്‌റ്റലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ച് പട്രോളിങ് നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ