കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്‌ടറി കത്തിനശിച്ചു. റൂറൽ എസ്‌പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതോടെ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു.
പ്രദേശവാസികൾ അഗ്‌നിരക്ഷാ സേന വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. സ്‌ഥലത്ത് വലിയ സംഘർഷാവസ്‌ഥയാണ് നിലനിൽക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നോക്കിയതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു.
പിന്നാലെ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് റൂറൽ എസ്‌പിക്ക് പരിക്കേറ്റത്. സ്‌ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫാക്‌ടറിയിൽ നിന്നും പുറത്തുവരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Most Read| ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്







































