
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തെ, ‘കാബൂൾ നയതന്ത്ര ദൗത്യം’ എന്ന പേരിൽ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയർത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയിൽ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ പത്തിന് മുത്തഖിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കാബൂളിലെ നയതന്ത്ര ദൗത്യം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.
അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2022 ജൂണിലാണ് ‘നയതന്ത്ര ദൗത്യം’ എന്ന പേരിൽ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചത്. അതേസമയം, താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ‘ഇന്ത്യൻ അംബാസിഡർ’ എന്ന പദവി ഉണ്ടായിരിക്കുകയില്ല. പകരം കാബൂൾ ഇന്ത്യൻ എംബസിയുടെ തലവന് ‘ചാർജ് ഡി അഫയേഴ്സ്’ എന്ന പദവിയാണ് ഉണ്ടായിരിക്കുക.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം







































