പ്രായത്തെയും വേഷത്തെയും വെല്ലുവിളിച്ച് അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്‌റ്റർ സബീന. കന്യാസ്‌ത്രീ വേഷത്തിലെത്തി ഹർഡിൽസ് മൽസരത്തിൽ മുൻ കായിക താരം കൂടിയായ സിസ്‌റ്റർ സബീന നേടിയ വിജയം കണ്ടുനിന്നവരെയെല്ലാം ആവേശം കൊള്ളിച്ചു.
സ്‌പോർട്‌സ് വേഷത്തിൽ മൽസരിച്ചവരെ പിന്തള്ളിയാണ് സിസ്‌റ്റർ ട്രാക്കിലൂടെ കുതിച്ചത്, അതും പാദരക്ഷകളിടാതെ. അവർ ഹർഡിലുകൾ ചാടിക്കടന്നപ്പോൾ മൈതാനമാകെ ആവേശക്കടലായി. ഒന്നാമതായി ഫിനിഷ് ചെയ്‌ത സബീനയെ അഭിനന്ദിക്കാൻ ചുറ്റുമുള്ളവരുമെല്ലാം ഓടിയെത്തി. വയനാട് മരവയലിലെ എംകെ ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്.
പഴയ കായികതാരമാണെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് സിസ്‌റ്റർ മൽസരത്തിനായി ട്രാക്കിലിറങ്ങുന്നത്. 55 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്‌റ്റർ സബീന മൽസരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയാണ്. ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മൽസരത്തിൽ പങ്കെടുത്തിരുന്നു.
കോളേജ് പഠനകാലത്ത് ഇന്റർവാഴ്‌സിറ്റി മൽസരങ്ങളിലടക്കം മിന്നും താരമായി. പിന്നീട് കായികാധ്യാപികയുമായി. പിന്നീട് മൽസരങ്ങളിലൊന്നും അധികം പങ്കെടുത്തിരുന്നില്ല. അടുത്തവർഷം മാർച്ചിൽ അധ്യാപക ജോലിയിൽ നിന്ന് വിരമിക്കുകയാണ്. അതിന് മുന്നെയാണ് മൽസരത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
”വിരമിക്കുന്നതിന് മുൻപ് മൽസരത്തിൽ പങ്കെടുക്കണമെന്ന് തോന്നി. അങ്ങനെയാണ് സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ എത്തുന്നത്”- സിസ്‌റ്റർ പറഞ്ഞു. ആ വരവ് വെറുതെയായില്ല. മീറ്റിലെ ആദ്യ മൽസരത്തിൽ തന്നെ സ്വർണമെഡൽ നേടി. ഇന്ന് നടക്കുന്ന ഹാർമർത്രോയിലും സിസ്‌റ്റർ പങ്കെടുക്കുന്നുണ്ട്. കാസർഗോഡ് എണ്ണപ്പാറ ഇടവകാംഗമാണ് സിസ്‌റ്റർ സബീന. 1993ലാണ് വയനാട്ടിൽ എത്തുന്നത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































