ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ബിഹാറിൽ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധമായ സിഗ്‌മാ ഗാങ്ങിൽപ്പെട്ട നാലുപേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ആരോപണം.
നേരത്തെ നിരവധി കേസുകളിൽ പ്രതികളായ ഇവർ ഗുണ്ടാ ലിസ്‌റ്റിലെ പ്രധാനികളായിരുന്നു. വടക്കുപടിഞ്ഞാറൻ ഡെൽഹിയിൽ പുലർച്ചെ 2.20നായിരുന്നു ഏറ്റുമുട്ടൽ. ഗുണ്ടാ സംഘം പോലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഡെൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
രഞ്‌ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. രഞ്‌ജൻ പഥക് ആയിരുന്നു സിഗ്‌മാ ഗാങ്ങിന്റെ നേതാവ്. വർഷങ്ങളായി ബിഹാറിലുടനീളം കൊള്ളയടിക്കലിലും വാടക കൊലപാതകങ്ങളിലും ഏർപ്പെട്ടിരുന്ന വലിയ ശൃംഖലയായിരുന്നു സിഗ്‌മാ ഗാങ്ങെന്ന് പോലീസ് പറഞ്ഞു. രഞ്‌ജൻ പഥക്കിനെ പിടികൂടുന്നവർക്ക് ബിഹാർ സർക്കാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം








































