കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്.
മലിനീകര നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറയ്‌ക്കാൻ പ്ളാന്റ് ഉടമകൾക്ക് നിർദ്ദേശം നൽകി. വൈകീട്ട് ആറുമുതൽ 12 വരെ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല, പഴകിയ അറവുമാലിന്യം പ്ളാന്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് ഉപാധികൾ.
നിബന്ധനകളിൽ വീഴ്‌ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കലക്‌ടർ അറിയിച്ചു. അതേസമയം, സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ളോക്ക് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാംപ്രതി.
കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ ആക്രമിച്ചതിലാണ് 321 പേർക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു.
പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്‌ടറി കത്തിനശിച്ചു. റൂറൽ എസ്‌പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതോടെ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫാക്‌ടറിയിൽ നിന്നും പുറത്തുവരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Most Read| ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി







































