തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷം പ്രത്യേക സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.
കേരളം അതീവ ദാരിദ്ര്യമുക്‌ത സംസ്‌ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നത്. സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേർത്ത് ലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. തട്ടിപ്പ് എന്ന പ്രതികരണം സ്വന്തം ശീലങ്ങളിൽ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നടത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ സർക്കാർ പറയാറുള്ളൂ. അത് നടപ്പാക്കുകയും ചെയ്യും. അതിദാരിദ്ര്യ നിർമാർജനം എന്നത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അതിൽ രഹസ്യമൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്‌ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞുവെന്നും നവകേരള സൃഷ്‌ടിയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ൽ ആദ്യ മന്ത്രിസഭയെടുത്ത സുപ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം. രണ്ടുമാസത്തിനുള്ളിൽ അത്തരം കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. ജന പങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി





































