കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്‌ഗാൻ സൈന്യം വ്യക്‌തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ സ്‌ഥിരീകരിച്ചുകൊണ്ട് തുർക്കി വിദേശകാര്യ മന്ത്രാലയം സംയുക്‌ത പ്രസ്‌താവന പുറത്തിറക്കിയിരുന്നു. വെടിനിർത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും, സമാധാനം നിലനിർത്തുന്നത് ഉറപ്പാക്കാൻ പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്നും പ്രസ്‌താവനയിൽ വ്യക്‌തമാക്കിയിരുന്നു.
ഒക്‌ടോബർ 11നും 15നുമിടയിലാണ് പാക്ക്- അഫ്‌ഗാൻ സൈന്യങ്ങൾ ഏറ്റുമുട്ടിയത്. ഇതേത്തുടർന്ന് ആദ്യം ഖത്തറിലും പിന്നീട് തുർക്കിയിലും ഇരു രാജ്യങ്ങളും ചർച്ച നടത്തി. ഇതുവരെ അന്തിമ കരാറിൽ എത്തിയിട്ടില്ല. 2021ൽ താലിബാൻ അഫ്‌ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പാക്കിസ്‌ഥാനെതിരെ പോരാടുന്ന ഭീകരവാദികളെ താലിബാൻ സഹായിക്കുന്നതായാണ് പാക്ക് ആരോപണം. എന്നാൽ, താലിബാൻ ഇത് നിഷേധിക്കുന്നു. ഭീകരവാദികളെ നേരിടുന്നതിന്റെ ഭാഗമായി അഫ്‌ഗാന്റെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്‌ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തും ആൾനാശമുണ്ടായി. തുടർന്നാണ് തുർക്കി അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്‌ഥതയിൽ ചർച്ചകൾ നടന്നത്.








































