തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ളാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 8.50ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉൽഘാടന ട്രെയിൻ വൈകീട്ട് 5.50ന് കെഎസ്ആർ സ്റ്റേഷനിലെത്തും. കർണാടക കേരളം ട്രാവലേഴ്സ് ഫോറം, ബെംഗളൂരു കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസ് 11 മുതൽ സർവീസുകൾ ആരംഭിക്കും. മലയാളി സമൂഹം ഒരു കൊല്ലത്തിലേറെയായി കാത്തിരുന്ന സർവീസാണിത്. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും ഓൺലൈൻ റിസർവേഷൻ തുടങ്ങിയിട്ടില്ല. ബുക്കിങ് ഇന്നോ നാളെയോ തുടങ്ങാനാണ് സാധ്യത.
വാരാന്ത്യങ്ങളിലും ഉൽസവ സീസണുകളിലും സ്വകാര്യ ബസുകളിൽ മൂന്നിരട്ടിവരെ അധിക നിരക്ക് നൽകി നാട്ടിലെത്തുന്ന ബെംഗളൂരു മലയാളികൾക്ക് ഇതിന്റെ പാതി പണം കൊടുത്ത് വന്ദേഭാരതിൽ യാത്ര ചെയ്യാം. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) 1095 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഒഴികെയാണിത്. കഴിഞ്ഞ കൊല്ലം ഒരു മാസക്കാലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ചെയർകാറിൽ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമായിരുന്നു. 638 കിലോമീറ്റർ ദൂരം എട്ടുമണിക്കൂർ 40 മിനിറ്റ് കൊണ്ടെത്തുന്ന വന്ദേഭാരതിന് ഒമ്പത് സ്റ്റേഷനുകൾ മാത്രമാണുള്ളത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
Most Read| തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം







































