കാബൂൾ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്‌ഥാന് മുന്നറിയിപ്പുമായി താലിബാൻ രംഗത്തെത്തിയത്.
തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്‌ഥ ശ്രമങ്ങൾക്കിടയിലും പാക്കിസ്‌ഥാൻ നിരുത്തരവാദപരമായി പെരുമാറുകയാണെന്നും താലിബാൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ”ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും മധ്യസ്‌ഥത വഹിച്ചതിനും തുർക്കിക്കും ഖത്തറിനും നന്ദി. ചർച്ചകളിൽ അഫ്‌ഗാൻ പ്രതിനിധികൾ ഈ വിഷയത്തെ ഗൗരവമായും ക്രിയാൽമകമായും സമീപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, പാക്കിസ്‌ഥാൻ വീണ്ടും നിരുത്തരവാദപരമായി പെരുമാറുകയാണ്. അവരുടേത് നിസ്സഹകരണ മനോഭാവമാണ്. അഫ്‌ഗാനിസ്‌ഥാനിലെ ജനങ്ങളുടെയും ഭൂപ്രദേശത്തിന്റെയും സംരക്ഷണം ഞങ്ങളുടെ കടമയാണ്. ഏതൊരു ആക്രമണത്തെയും ഞങ്ങൾ ശക്‌തമായി പ്രതിരോധിക്കും”- താലിബാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
അതിനിടെ, തെഹ്‌രീകെ താലിബാൻ (ടിടിപി), ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ ഭീകരസംഘടനകളിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് പാക്കിസ്‌ഥാൻ റെയിൽവേ ജാഫർ എക്‌സ്‌പ്രസ് സർവീസ് മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞമാസം നടന്ന ബോംബ് സ്‌ഫോടനത്തിൽ ജാഫർ എക്‌സ്‌പ്രസ് പാളംതെറ്റി ഒട്ടേറെ പേർക്ക് പരിക്കേറ്റിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































