തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്.
എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉൽഘാടന സ്പെഷ്യൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണഗീതം പാടുന്ന വീഡിയോയാണ് വിവാദമായത്. ദക്ഷിണ റെയിൽവേ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദൃശ്യം നീക്കം ചെയ്തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തിരുന്നു.
വിദ്യാർഥികൾ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദേശഭക്തിഗാനമെന്ന നിലയിലാണ് ദക്ഷിണ റെയിൽവേ രാവിലെ പങ്കുവെച്ചത്. എന്നാൽ, രാത്രി വീണ്ടും പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ ‘സ്കൂൾ ഗാനം’ മനോഹരമായി അവതരിപ്പിച്ചെന്ന് തിരുത്തി. പാട്ടിന്റെ ഇംഗ്ളീഷ് പരിഭാഷയും പോസ്റ്റ് ചെയ്തു. സ്കൂൾ യൂണിഫോം ധരിച്ച ഒരുകൂട്ടം കുട്ടികളും മറ്റു രണ്ടുപേരുമാണ് ഗണഗീതം ആലപിച്ചത്.
എളമക്കര സ്വരസ്വതി വിദ്യാനികേതൻ പബ്ളിക് സ്കൂളിലെ വിദ്യാർഥികളാണ് ഗണഗീതം ആലപിച്ചത്. ആർഎസ്എസ് ആഭിമുഖ്യത്തിലുള്ള രാഷ്ട്ര ധർമ പരിഷത് ട്രസ്റ്റാണ് സ്കൂൾ നടത്തുന്നത്. ജനപ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും സാമൂഹിക മാദ്ധ്യമ ഇൻഫ്ളുവൻസറുമൊക്കെയാണ് സ്പെഷ്യൽ യാത്രയിൽ പങ്കെടുത്തത്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































