ചെന്നൈ: ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലാണ് അന്ത്യം. കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.
2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കൂടാതെ, സൊല്ല സൊല്ല ഇനിക്കും, പാലൈവാന സോലൈ, ജങ്ഷൻ, ശിങ്കാര ചെന്നൈ, പൊൻ മേഘലൈ, തുപ്പാക്കി, അൻജാൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഫഹദ് ഫാസിൽ നായകനായ കൈയെത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ‘ഉത്തരായനം’ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാള നടി രാധാമണിയുടെ മകനാണ്.
അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തിക നില പാടെ തകർന്നിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പടെ നിരവധിപ്പേർ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.
2014ൽ പുറത്തിറങ്ങിയ ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ ഡബ്ബിങിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആനന്ദിക്കും ശബ്ദം നൽകിയിട്ടുണ്ട്. മാതാവ് രാധാമണി 2019ൽ കാൻസർ ബാധിച്ച് മരിച്ചത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































