ന്യൂഡെൽഹി: ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്‌കർ സ്‌ഥാപകൻ ഹാഫിസ് സയീദ് തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്. പാക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ബംഗ്ളാദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നു എന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന. ഒക്‌ടോബർ 30ന് പുറത്തുവന്ന ഒരു വീഡിയോയിൽ ഇതുസംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. ”ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ളാദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണ്”- എന്നായിരുന്നു വീഡിയോയിൽ ലഷ്‌കർ കമാൻഡർ സെയ്‌ഫുല്ല സെയ്‌ഫിന്റെ പ്രസ്‌താവന.
”കിഴക്കൻ പാക്കിസ്‌ഥാനിൽ (ബംഗ്ളാദേശ്) ലഷ്‌കറിന്റെ പ്രവർത്തകർ സജ്‌ജമാണ്. ഇന്ത്യക്ക് മറുപടി കൊടുക്കാൻ (ഓപ്പറേഷൻ സിന്ദൂർ) തയ്യാറെടുക്കുന്നു”- വീഡിയോയിൽ പറയുന്നു. യുവാക്കളെ സംഘടിപ്പിക്കാൻ സയീദ് തന്റെ അടുത്ത അനുയായിയെ ആണ് ബംഗ്ളാദേശിലേക്ക് വിട്ടിരിക്കുന്നതെന്നും ഭീകര പരിശീലനം നൽകുന്നുണ്ടെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തെ പാക്ക് സൈന്യത്തിന്റെ പ്രകടനത്തെ മുൻനിർത്തി അവരെ പുകഴ്‌ത്തുകയും ചെയ്‌തിട്ടുണ്ട്. രാജ്യാന്തര തലത്തിലും കാര്യങ്ങൾ മാറുകയാണെന്നും സെയ്‌ഫ് അവകാശപ്പെട്ടു. ”ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്. ബംഗ്ളാദേശ് പാക്കിസ്‌ഥാനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്”- വീഡിയോയിൽ പറയുന്നു.
അതേസമയം, ബംഗ്ളാദേശ്-പാക്കിസ്‌ഥാൻ കൂട്ടുകെട്ടിൽ നിന്ന് ഉയർന്നുവരുന്ന ഈ ഭീഷണിയെ കുറിച്ച് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































