കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പ് നടന്ന സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14 വയസുകാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവയ്‌പ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കുട്ടി യാഥാർഥ്യം വെളിപ്പെടുത്തിയത്. 14-കാരന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വെടിവയ്‌ക്കാൻ ഉപയോഗിച്ച എയർഗൺ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെടിവയ്‌പ്പുണ്ടായ സമയത്ത് 14-കാരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാതാവും മറ്റു രണ്ട് മക്കളും പുറത്ത് പോയിരുന്നു. സംഭവം കുട്ടി തന്നെയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തി.
കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ച പോലീസിന് സംഭവ സമയത്ത് കാർ വന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ ദുരൂഹത തോന്നിയതോടെ കുട്ടിയെ പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയർഗൺ എടുത്ത് വെടിവയ്‌ക്കുക ആയിരുന്നുവെന്ന് കുട്ടി സമ്മതിച്ചു.
എന്നാൽ, എന്തിനാണ് വെടിവച്ചതെന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഉപ്പള ദേശീയപാതയ്‌ക്ക് സമീപം ഹിദായത്ത് വീട്ടിലാണ് ശനിയാഴ്‌ച വൈകീട്ട് വെടിവയ്‌പ്പുണ്ടായത്. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ല് തകർന്നു. അഞ്ച് പെല്ലറ്റുകൾ ബാൽക്കണിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്








































