പട്ന: വോട്ടുകൊള്ള ആരോപണങ്ങളുടെയും വികസന മുരടിപ്പ് പ്രചാരണങ്ങളെയും കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാറിന്റെ തേരോട്ടം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
130ലേറെ സീറ്റുകളാണ് എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. നാല് എക്സിറ്റ് പോളുകൾ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്ന് പ്രവചിക്കുന്നത്. അതേസമയം, ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.
ചില എക്സിറ്റ് പോളുകൾ ജൻ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോൾ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നൽകുന്നത്. ബിഹാറിൽ ബിജെപി- ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പീപ്പിൾസ് പ്ളസിന്റെ എക്സിറ്റ് പോളിലെ പ്രവചനം. 133-159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം 75-101 സീറ്റുകൾ നേടും.
മറ്റുള്ളവർ രണ്ടുമുതൽ അഞ്ചുവരെ സീറ്റ് നേടും. ജൻ സുരാജ് പാർട്ടിക്ക് പരമാവധി അഞ്ചുവരെ സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂ. ജൻ സുരാജിന് പരമാവധി രണ്ട് സീറ്റും മറ്റുള്ളവർക്ക് മൂന്നുമുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
Most Read| ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ







































