തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. നിർമാണ കമ്പനി ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിർമാണത്തിലെ വീഴ്ച വ്യക്തമാക്കി ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ്. കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. കരാർ കമ്പനിക്ക് സംഭവിച്ചിട്ടുള്ള എല്ലാ പാളിച്ചകളും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ തൂണുകൾക്ക് മുകളിൽ ബീമുകൾ കയറ്റിയാൽ, സ്വാഭാവികമായും അത് താഴെ വീഴാനുള്ള സാധ്യത പ്രതികൾക്ക് അറിയാമായിരുന്നു. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏർപ്പെടുത്താതെ ഇവിടെ ഗർഡർ കയറ്റുകയായിരുന്നു.
ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് ദാരുണമായ അപകടം നടന്നത്. തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ളാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടം ഉണ്ടായത്.
റോഡിലൂടെ പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് ഇത് പതിച്ചത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്ക് ഗർഡറുകൾ പതിക്കുകയും വാൻ പൂർണമായും തകരുകയും ചെയ്തിരുന്നു. ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനിൽ രാജേഷ് ആണ് മരിച്ചത്. രാജേഷ് തമിഴ്നാട്ടിൽ നിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































