ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടന കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കാൻ പോലും ധൈര്യപ്പെടരുതെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, സ്‍ഫോടനവുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ളിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്‌ത സ്വിസ് ആപ്ളിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ബോംബ് നിർമാണത്തിനുള്ള നിദ്ദേശങ്ങൾ, സ്‍ഫോടനം നടത്തേണ്ട ലക്ഷ്യസ്‌ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ളാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അറസ്‌റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
സ്‍ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ പത്തുപേരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്‌ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാക്കിസ്‌ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ.
സ്‍ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉൽഭവം തുർക്കിയിൽ നിന്നാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ഡോ. ഉമർ നയിച്ച ഡെൽഹി മോഡ്യൂളിലെ ഭീകരർക്കും ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത്.
2022ൽ തുർക്കിയിൽ വെച്ച് ഗൂഢാലോചന നടന്നെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്‌ഥാൻ ബന്ധമുള്ളവർക്കൊപ്പം രണ്ട് ഗ്രൂപ്പുകളായി ഉമറും മറ്റു മൂന്നുപേരും തുർക്കിയിലേക്ക് പോയിരുന്നു. അതിനിടെ, കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്‌ത നിലയിലാണ് കാർ കണ്ടെത്തിയത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































