തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കലക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തും.
പയ്യന്നൂർ കുന്നരു യുപി സ്കൂളിലെ പ്യൂണാണ് അനീഷ് ജോർജ്. ഇന്ന് രാവിലെയാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് അനീഷിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
എസ്ഐആറിന്റെ കാര്യത്തിൽ മകൻ കുറെ ദിവസമായി സമ്മർദ്ദത്തിൽ ആയിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും അനീഷിന്റെ പിതാവ് പറഞ്ഞു. എസ്ഐആർ ചുമതല കൂടി വന്നതോടെ അധിക ജോലിഭാരം മൂലം സർക്കാർ ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്നാന്ന് വിവരം.
ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട് തേടിയിട്ടുണ്ട്. എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ അനീഷിന് കഴിഞ്ഞില്ലെന്ന് സുഹൃത്ത് ഷൈജു മാദ്ധ്യമങ്ങളോട് പറഞ്ഞു. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ടെൻഷൻ ഇന്നലെയും അനീഷ് പങ്കുവെച്ചിരുന്നു എന്നും ഷൈജു പറഞ്ഞു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും






































