ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.
ഇന്നലെ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണ് ഉണ്ടായിരുന്നത്. സ്‌ഫോടക വസ്‌തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്‌ക്ക് അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.
ഇതിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്‌മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡെൽഹിയിൽ നിന്ന് എൻഐഎ അറസ്‌റ്റ് ചെയ്‌തു. കേസിൽ എൻഐഎ ആദ്യ സുപ്രധാന അറസ്‌റ്റാണിത്. അമീറാണ് മറ്റൊരാൾക്കൊപ്പം ഒക്‌ടോബർ 29ന് ഫരീദാബാദിലെ ‘റോയൽ സോൺ’ എന്ന യൂസ്‌ഡ് കാർ ഷോറൂമിലെത്തി കാർ വാങ്ങിയത്.
ഇയാളുടെ പേരിലേക്കാണ് കാർ രജിസ്‌റ്റർ ചെയ്‌തതും. അമീറിനൊപ്പം ഉണ്ടായിരുന്ന വ്യക്‌തി ഉമർ നബിയാണെന്നാണ് സൂചന. ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്ന് എൻഐഎ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്







































