കണ്ണൂർ: പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട് പുറത്ത്. അനീഷ് ആത്‍മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും സമ്മർദ്ദം ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിന് മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കൾ അനീഷിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. രാഷ്‌ട്രീയ സമ്മർദ്ദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്‌ചയിച്ചിരിക്കുന്ന സമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാൻ കാരണമായെന്നാണ് ജില്ലാ കലക്‌ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും അനീഷിന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നാളെ വൈകുന്നേരത്തിന് മുമ്പായി അന്തിമ റിപ്പോർട് നൽകാൻ ഡോ. രത്തൻ യു. കേൽക്കർ കലക്‌ടറോട് അവശ്യപ്പെട്ടിട്ടുണ്ട്. പയ്യന്നൂർ കുന്നരു യുപി സ്‌കൂളിലെ പ്യൂണാണ് അനീഷ് ജോർജ്. ഇന്നലെ രാവിലെയാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി സമ്മർദ്ദമാണ് അനീഷിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നാം വാർഡ് ഏറ്റുകുടുക്ക 18ആം ബൂത്ത് ബിഎൽഒ അനീഷിന് ഗ്രാമത്തിലെ എല്ലാവരെയും നേരിട്ട് അറിയില്ല. അതിനാൽ തന്നെ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ ജോലി വലിയ കടമ്പയായിരുന്നു. 417 വീടുകളിൽ ഫോം എത്തിച്ചു. 35 വീടുകളിൽ ഫോം എത്തിക്കാനും പൂരിപ്പിച്ചത് വാങ്ങാനും ബാക്കിയുണ്ട്.
അനീഷ് ഈ പ്രയാസം സുഹൃത്തുക്കളോടും പങ്കുവെച്ചതോടെ രണ്ട് സ്‌ഥലങ്ങളിൽ എസ്‌ഐആർ ക്യാമ്പ് നടത്താൻ അവർ അവസരമൊരുക്കി. ഏറ്റുകുടുക്ക വള്ളത്തോൾ സ്‌മാരക വായനശാല, പള്ളിമുക്ക് നൻമ സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. രാവിലെ മുതൽ പ്രദേശത്തെ ആളുകൾ ഇരു സ്‌ഥലങ്ങളിലും എത്തിച്ചേർന്നു.
വായനശാലയുടെയും സാംസ്‌കാരിക കേന്ദ്രത്തിന്റെ ഭാരവാഹികളും അനീഷിനെ കാത്തുനിന്നു. രാവിലെ പത്തിന് ഇരു സ്‌ഥലങ്ങളിലും എത്തി ആവശ്യമായ നിർദ്ദേശം നൽകാമെന്നായിരുന്നു അനീഷ് അറിയിച്ചിരുന്നത്. എന്നാൽ, പത്തരയോടെ അനീഷിന്റെ മരണവാർത്തയാണ് എത്തിയത്. എസ്‌ഐആറിന്റെ കാര്യത്തിൽ മകൻ കുറെ ദിവസമായി സമ്മർദ്ദത്തിൽ ആയിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും അനീഷിന്റെ പിതാവ് പറഞ്ഞു.
അനീഷിന്റെ ആത്‍മഹത്യയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കലക്‌ട്രേറ്റുകളിലേക്കും മാർച്ച് നടത്തും.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































