മരം നടന്നു നീങ്ങുമോ? എന്തൊരു ചോദ്യമാണല്ലേ! എന്നാൽ സംശയിക്കേണ്ട, അങ്ങനെയൊരു മരമുണ്ട്. മധ്യ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ ‘സൊക്രാറ്റിയ എക്സോറൈസ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരം ‘നടക്കുന്ന പന’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നിലത്തുനിന്ന് അനേകം അടി ഉയരത്തിൽ വളരുന്ന അസാധാരണമായ താങ്ങുവേരുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് കാണുമ്പോൾ പനയ്ക്ക് അനേകം കാലുകൾ ഉള്ളതുപോലെ തോന്നും. ഈ വേരുകൾ കാരണമാണ് നടന്നു നീങ്ങുന്ന മരങ്ങൾ എന്ന മിത്ത് ഈ പനകൾക്ക് വന്നു ചേർന്നത്.
യഥാർഥത്തിൽ മറ്റു മരങ്ങളെപ്പോലെ തന്നെ ഇവയ്ക്കും നടക്കാനൊന്നുമുള്ള കഴിവില്ല. 15 മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ പനയുടെ തായ്ത്തടിക്ക് സാധാരണയായി 12 മുതൽ 16 സെന്റിമീറ്റർ വരെ വ്യാസമേ ഉണ്ടാകൂ. പക്ഷേ, നടക്കുന്ന പനയെക്കുറിച്ചുള്ള ഒരു വിശ്വാസം ഗവേഷകർക്കിടയിൽ പ്രബലമാണ്.
ഒരു പ്രത്യേക ദിശയിലേക്ക് പുതിയ വേരുകൾ വളർത്തുകയും പഴയവ നശിച്ചുപോകാൻ അനുവദിക്കുകയും ചെയ്യുന്ന ഈ മരത്തിന് മെച്ചപ്പെട്ട പ്രകാശമോ മണ്ണിന്റെ സാഹചര്യങ്ങളോ തേടി അൽപ്പം നീങ്ങാൻ കഴിയുമെന്നാണ് ആ വിശ്വാസം. എന്നാൽ, ഇതിനും ശാസ്ത്രീയ സ്ഥിരീകരണമില്ല. മരം അക്ഷരാർഥത്തിൽ നീങ്ങുന്നില്ലെന്നും പഴയ വേരുകൾ നശിക്കുമ്പോൾ പുതിയവ വളർത്തി പരിസ്ഥിതിയുമായി പൊരുത്തപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിനെ എതിർക്കുന്നവർ വാദിക്കുന്നു.
ഈ പനയുടെ താങ്ങുവേരുകൾക്ക് ഒന്നിലധികം പാരിസ്ഥിതിക ഗുണങ്ങളുണ്ട്. ചതുപ്പ് നിലയങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ വനപ്രദേശങ്ങളിലും സാധാരണ വേരുപടലങ്ങൾക്ക് വളരാൻ സ്ഥിരത നൽകുന്നുണ്ടെന്ന് കരുതപ്പെടുന്നു. നിലത്തിന് മുകളിൽ പുറത്തേക്ക് വളരുന്ന വേരുകൾ ഉള്ളതുകൊണ്ട്, വീണുകിടക്കുന്ന മരത്തടികൾ, കുന്നുകൂടി ഇലകൾ തുടങ്ങിയ തടസങ്ങളെ മറികടക്കാൻ മരത്തിന് സാധിക്കുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും






































