തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് ആശ്വാസം. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ, വൈഷ്ണയ്ക്ക് മുട്ടടയിൽ മൽസരിക്കാനുള്ള തടസങ്ങൾ നീങ്ങി.
വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ 27ആം വാർഡ്, മുട്ടട പാർട്ടി നമ്പർ 5-ലെ വോട്ടർ പട്ടികയിൽ പുനഃസ്ഥാപിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഇന്ന് തന്നെ പേര് പുനഃസ്ഥാപിച്ച് കമ്മീഷനെ അറിയിക്കണമെന്നും കോർപറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു.
ഇതിന് ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാൻ തീരുമാനം എടുത്തത്. വോട്ടർ അപേക്ഷയിൽ കെട്ടിട നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന് കാട്ടി സിപിഎം പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മൽസരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പറിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെൽ ആവശ്യപ്പെട്ട രേഖകകൾ കൈമാറി. എന്നിട്ടും ഫലമുണ്ടായില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുമായില്ല. ഇതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































