ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേർ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്‌ട്രീഷ്യനെയാണ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇയാൾക്ക് ഭീകരരുമായി വ്യക്‌തമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഡോക്‌ടർമാർ ഉൾപ്പടെ നിരവധി പേരെയാണ് ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിലെ ‘വൈറ്റ് കോളർ ടെറർ മോഡ്യൂളി’ന്റെ ഭാഗമായി അറസ്‌റ്റ് ചെയ്‌തത്.
നവംബർ പത്തിനുണ്ടായ ചെങ്കോട്ട സ്‌ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു. ഫരീദാബാദിലെ അൽ- ഫലാ സർവകലാശാലയിലെ ഡോ. ഉമർ നബിയാണ് ചെങ്കോട്ടയിൽ ചാവേറായെത്തി സ്‍ഫോടനം നടത്തിയതെന്ന് തെളിഞ്ഞിരുന്നു.
ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഏജൻസികൾ വ്യക്‌തമാക്കിയിരിക്കുന്നത്. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്.
രണ്ടുവർഷം മുൻപുതന്നെ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ആസൂത്രണം നടത്തിയിരുന്നതായി ഇയാൾ അന്വേഷണ ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ചെങ്കോട്ടയ്‌ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളിയാണ് മുസമ്മിൽ ഷക്കീൽ.
Most Read| പാക്ക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ





































