ജറുസലേം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്‌റ്റ് ചെയ്‌തെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇസ്രയേൽ പൗരൻമാരെയും സ്‌ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു. ജർമനി, ഓസ്‌ട്രിയ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് റെയ്‌ഡുകൾ നടന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള അക്രമണങ്ങൾക്കായി സംഭരിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ സെപ്‌തംബറിൽ ഓസ്‌ട്രിയയിലെ വിയന്നയിൽ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. വിയന്നയിൽ കണ്ടെത്തിയ ആയുധങ്ങൾ ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമിന്റെതായിരുന്നു. ഹമാസ് പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗമായ ബാസേം നയീമിന്റെ മകനാണ് മുഹമ്മദ് നയീം.
തുടരന്വേഷണത്തിന് ഭാഗമായാണ് ജർമനി, ഓസ്‌ട്രിയ എന്നിവിടങ്ങളിൽ പരിശോധനകൾ നടന്നത്. സെപ്‌തംബറിൽ മുഹമ്മദ് നയീം പിതാവുമായി ഖത്തറിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്ന് മൊസാദ് പറയുന്നു. ഈ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകര പ്രവർത്തനങ്ങൾക്ക് ഹമാസ് നേതൃത്വം അനുമതി നൽകിയതെന്നും ഖത്തറിലാണ് ആസൂത്രണം നടന്നതെന്നും മൊസാദ് പറയുന്നു.
ഭീകരപ്രവർത്തനത്തിന് തുർക്കിയിൽ നിന്ന് ഹമാസിന് സഹായം ലഭിക്കുന്നതായും മൊസാദ് അവകാശപ്പെടുന്നു. ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. 2024 ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന് ശേഷമാണ് യൂറോപ്പിലെ പ്രവർത്തനങ്ങൾ ഹമാസ് ശക്‌തമാക്കിയതെന്നും മൊസാദ് പറഞ്ഞു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































