ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്‌ടിക്കുന്നു. ഡെൽഹി, ഹരിയാന, സമീപത്തുള്ള ഉത്തർപ്രദേശ് മേഖല എന്നിവയ്‌ക്ക് മുകളിലൂടെ പുകപടലങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
യെമൻ, ഒമാൻ, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്കും ഇവ ഭീഷണിയാണ്. ഇതോടെ പല അന്താരാഷ്‌ട്ര വിമാനങ്ങളും റദ്ദാക്കി. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനഃക്രമീകരിച്ചു.
ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെ രാജസ്‌ഥാന് മുകളിൽ ചാരമേഖങ്ങൾ എത്തി. ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിലാണ് ഇത്. ഇവ അയൽ സംസ്‌ഥാനങ്ങളെയും ബാധിച്ചേക്കും. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്ററാണ് ചാരമേഘത്തിന്റെ വേഗം.
അഗ്‌നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളങ്ങളിലെ റൺവേകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ സർവീസുകൾ നിയന്ത്രിക്കാനും വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ നിഷ്‌കർഷിച്ചിട്ടുണ്ട്.
12,000 വർഷം നിർജീവാവസ്‌ഥയിൽ സ്‌ഥിതി ചെയ്‌ത ശേഷമാണ് ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. 14 കിലോമീറ്റർ ഉയരത്തിൽ ചാരം പറന്നുപൊങ്ങി. സ്‍ഫോടനം അവസാനിച്ചെങ്കിലും ചാരം കാറ്റിൽ പടർന്നുതുടങ്ങിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!


































