പാലക്കാട് ജില്ലയിൽ ആദ്യമായി അപൂർവ ഇനത്തിൽപ്പെട്ട ‘പമ്പരക്കാട’ പക്ഷിയെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ നോവൽ കുമാറാണ് മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിൽ നിന്ന് പമ്പരക്കാടയെ കണ്ടെത്തിയത്.
പക്ഷികളെ കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ് പ്ളാറ്റ്ഫോമിലെ കണക്ക് അനുസരിച്ച് ജില്ലയിൽ കണ്ടെത്തുന്ന 422ആം പക്ഷി ഇനമാണ് പമ്പരക്കാട (റെഡ് നേക്ഡ് ഫലറോപ്). കടൽത്തീരത്ത് നിന്ന് മാറി ഉൾനാടുകളിൽ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. 2023 കോയമ്പത്തൂർ ഭാഗത്തും ഇവയെ കണ്ടെത്തിയിരുന്നു.
പ്രത്യേക കാലാവസ്ഥയും മഴയുമാവാം ഇവിടേക്കെത്താൻ കാരണമായതെന്നും പക്ഷി നിരീക്ഷക സംഘം പറഞ്ഞു. പാലക്കാട്ടെ ഉൾനാടൻ പാടശേഖരങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. ആറായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുള്ളവയാണ് പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്ക് കഴിയും.
വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമൽസ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ജലോപരിതലത്തിൽ വെച്ചാണ് ഇവ ഭക്ഷണമാക്കുന്നത്. പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്ക് പമ്പരക്കാട എന്ന് പേര് വന്നത്. വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു.
ശൈത്യകാലത്ത് ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ തീരത്തെത്തുന്നത്. യൂറേഷ്യയിൽ നിന്ന് അറേബ്യൻ സമുദ്രത്തിലേക്ക് പറന്നാണ് ഇവയുടെ ദേശാടനം. ശരാശരി 18 സെന്റീമീറ്ററോളം നീളം വരുന്ന ഇവയുടെ പെൺപക്ഷികൾക്കാണ് ആൺപക്ഷികളേക്കാൾ സൗന്ദര്യമെന്നതും പമ്പരക്കാടകളുടെ പ്രത്യേകതയാണ്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































